മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടർ ചിപ്പുമായി ബന്ധിപ്പിക്കുന്ന ന്യൂറാലിങ്ക് ചിപ്പ് പരിചയപ്പെടുത്തി ഇലോണ്‍ മസ്‌ക്

0
254

തലച്ചോറിനെയും യന്ത്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ന്യൂറാലിങ്ക് തുടങ്ങിവെച്ച ഗവേഷണ പദ്ധതികൾ ഒടുവിൽ യാഥാർത്ഥ്യമാവാൻ പോവുന്നു. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ ഇലോൺ മസ്ക് വെളിപ്പെടുത്തി.മുടിനാരിനേക്കാൾ കനം കുറഞ്ഞ നേർത്ത ഇലക്ട്രോഡ് നാരുകൾ ഉപയോഗിച്ചാണ് മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടർ ചിപ്പുമായി ബന്ധിപ്പിക്കുന്നത്. ഏറെ നാൾ ഈടു നിൽക്കുമെന്ന് ന്യൂറാലിങ്ക് അവകാശപ്പെടുന്ന ഈ നാരുകളും അതിന്റെ പ്രവർത്തനവും സ്കും സംഘവും ലോകത്തിന് പരിചയപ്പെടുത്തി. പരസഹായമില്ലാതെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സ്വന്തം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുകയാണ് ന്യൂറാലിങ്കിന്റെ ആദ്യ ഉദ്യമം.

ന്യൂറാലിങ്ക് ബ്രെയിൻ-മെഷീൻ ഇന്റർഫെയ്സിന്റെ പ്രവർത്തനം ഇങ്ങനെ

ന്യൂറാ ലിങ്ക് വികസിപ്പിച്ചെടുത്ത നാരുകൾക്ക് വലിയ അളവിൽ വിവരങ്ങൾ കൈമാറാനുള്ള ശേഷിയുണ്ട്. ഇതിന്റെ ഒരറ്റം എൻ വൺ എന്ന് വിളിക്കുന്ന ചിപ്പുമായി ഘടിപ്പിക്കും. നാരുകൾ മറ്റേ അറ്റം തലച്ചോറിന്റെ നിശ്ചിത ഭാഗങ്ങളിൽ ഘടിപ്പിക്കും. അതിനായി പ്രത്യേകം രൂപകൽപന ചെയ്ത റോബോട്ട് ആണ് നാരുകൾ തലച്ചോറിൽ സ്ഥാപിക്കുക.ശേഷം തലയ്ക്ക് പുറത്ത് മറ്റൊരു കുഞ്ഞൻ ഉപകരണം സ്ഥാപിക്കും. ലിങ്ക് എന്നാണ് ഇതിന് പേര്. ബാറ്ററിയിലാണ് ഇതിന്റെ പ്രവർത്തനം. തലച്ചോറിനുള്ളിലെ നാരുകൾ വഴി എൻ വൺ ചിപ്പിലെത്തുന്ന ഡേറ്റ വയർലെസ് ആയി ഈ ഉപകരണത്തിലെത്തും. ബ്ലൂടൂത്ത് വഴിയാണ് ഈ വിവരകൈമാറ്റം.

ഐഫോൺ ആപ്പ് വഴി നിയന്ത്രിക്കാം

തലയിൽ ഘടിപ്പിക്കുന്ന ന്യൂറാ ലിങ്ക് ഉപകരണത്തെ ഐഫോൺ വഴി നിയന്ത്രിക്കാം. ശരീര ചലനശേഷി നഷ്ടപ്പെട്ട ആളുകൾക്ക് ന്യൂറാ ലിങ്ക് ഉപകരണം ഉപയോഗിച്ച് സ്വന്തം ഫോണുകൾ നിയന്ത്രിക്കാനുള്ള സൗകര്യമൊരുക്കുന്നതിനാണ് ന്യൂറാലിങ്കിന്റെ ശ്രമം. ശേഷം കംപ്യൂട്ടർ മൗസ് ഉപയോഗിക്കാനും, കീബോർഡ് ഉപയോഗിക്കാനുമുള്ള വഴിയൊരുക്കും. അതായത് രോഗികൾക്ക് പരസഹായമില്ലാതെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ന്യൂറാ ലിങ്ക് വഴി സാധിക്കും.


മനുഷ്യനിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ല

ലബോറട്ടിറി സാമ്പിളുകളിൽ മാത്രമാണ് ന്യൂറാലിങ്ക് ഉപകരണത്തിന്റെ പരീക്ഷണം നടന്നിട്ടുള്ളത്. 2020 ഓടെ ഇത് മനുഷ്യനിൽ പരീക്ഷിക്കാൻ സാധിക്കുമെന്നാണ് ഇലോൺ മസ്കിന്റേയും സംഘത്തിന്റേയും കണക്കുകൂട്ടൽ. ഇതിനായി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അനുമതി കാത്തിരിക്കുകയാണ്.

നിർമിതബുദ്ധിയെ അതിജീവിക്കുക, യന്ത്രങ്ങളെ മറികടക്കുക എന്ന ലക്ഷ്യം


മനുഷ്യബുദ്ധിയെ കവച്ചുവെക്കും വിധം നിർമിത ബുദ്ധി ശക്തിപ്രാപിക്കുമെന്നും അവ മനുഷ്യവംശത്തിന് ഭീഷണിയായേക്കുമെന്നും ഭയപ്പെടുന്ന ഇലോൺ മസ്ക്, അത്തരമൊരു സാഹചര്യത്തെ മറികടക്കുന്നതിനായാണ് ന്യൂറാലിങ്ക് എന്ന ആശയവുമായി രംഗത്തെത്തുന്നത്. മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക. ഇതുവഴി കംപ്യൂട്ടർ ഉപകരണങ്ങളുടെ നിർമിത ബുദ്ധിയോട് കിടപിടിക്കും വിധം മനുഷ്യനെ പ്രാപ്തനാക്കുക.ഇതിന്റെ ആദ്യ ഘട്ട പദ്ധതിയാണ് ന്യൂറാലിങ്ക് അവതരിപ്പിച്ചത്. ഏതൊരു സാങ്കേതിക പദ്ധതിയേയും പോലെ ആരോഗ്യരംഗത്തും, അക്കാദമിക രംഗത്തും ഉപയോഗപ്രദമാവും വിധമാണ് ന്യൂറാലിങ്ക് ഉപകരണത്തിന്റെ ആദ്യ പതിപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തന ക്ഷമത എത്രത്തോളമാണെന്ന് അറിയാൻ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. അതിവേഗം അത്ഭുതങ്ങൾ സാധ്യമാക്കിയിട്ടുള്ള ഇലോൺ മസ്കിൽ നിന്നും വൈകാതെ തന്നെ അതുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here