നവംബറോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കാപ്‌സിക്കം അനും എത്തും

0
260

നവംബറോടെ രാജ്യാന്തര ബഹിരാകാശ നിലയത്തെ കൂടുതല്‍ ഹോട്ടാക്കാനുള്ള ശ്രമത്തിലാണ് നാസ. അവരുടെ പ്രതീക്ഷക്കൊത്തു കാര്യങ്ങള്‍ നടന്നാല്‍ നവംബറോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഭൂമിയില്‍ നിന്നും ഒരു ചെടി എത്തും. അല്‍പം എരിവുള്ള ചെടി തന്നെയാണ് ബഹിരാകാശ നിലയത്തില്‍ വളര്‍ത്താൻ നാസ തിരഞ്ഞെടുത്തിരിക്കുന്നത്. കാപ്‌സിക്കം അനും എന്ന മുളക് ഇനമാണ് യുഎസ് ബഹിരാകാശ യാത്രികര്‍ ഐഎസ്എസിൽ എത്തിക്കുക.അധികം ഉയരം വെക്കാത്ത എന്നാല്‍ മെച്ചപ്പെട്ട കായ്ഫലം തരുന്ന ഇനമെന്നതാണ് ഈ മുളകിനത്തെ തിരഞ്ഞെടുത്തതിലെ കാരണങ്ങളിലൊന്നെന്ന് നാസ പ്ലാന്റ് ഫിസിയോളജിസ്റ്റ് റേ വീലര്‍ പറഞ്ഞു. ആയിരക്കണക്കിന് മുളകിനങ്ങളുണ്ടെങ്കിലും കാപ്‌സിക്കം അനുമിനു തന്നെ നറുക്കു വീണതില്‍ വേറെയും കാരണങ്ങളുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടുവരുന്ന മുളകിനമാണിത്. വളരെ പെട്ടെന്ന് വളരുമെന്നതും എളുപ്പത്തില്‍ പരാഗണം സാധ്യമാണെന്നതും ഈ മുളകിനത്തിന്റെ പ്രത്യേകതയാണ്. 1982 മുതല്‍ തന്നെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സഞ്ചാരികള്‍ വിജയകരമായി വിവിധ സസ്യങ്ങളെ വളര്‍ത്തുന്നുണ്ട്. റഷ്യയാണ് ഇതില്‍ ഏറെ മുന്നേറിയിരിക്കുന്നത്. 2003 മുതല്‍ റഷ്യന്‍ സഞ്ചാരികള്‍ ബഹിരാകാശ നിലയത്തില്‍ കഴിക്കുന്ന എരിവ് അവര്‍ തന്നെ വളര്‍ത്തിയെടുക്കുന്ന ചെടികളില്‍ നിന്നുള്ളതാണ്. 2015ല്‍ അമേരിക്കക്കാര്‍ ബഹിരാകാശ നിലയത്തില്‍ ചീര വളര്‍ത്തുന്നതില്‍ വിജയിച്ചു. ചൈനീസ് കാബേജ്, ചീര, മുള്ളങ്കി, പീസ് തുടങ്ങി നിരവധിയിനങ്ങള്‍ ഇപ്പോള്‍ ബഹിരാകാശ നിലയത്തില്‍ വളര്‍ത്തുന്നുണ്ട്.ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് സസ്യങ്ങളെ വളര്‍ത്തിയെടുക്കുന്നത് ശ്രമകരമാണ്. പ്രത്യേകിച്ചും സങ്കീര്‍ണമായ വേരുകളുടെ വിന്യാസം പോലുള്ളവ. വ്യത്യസ്തങ്ങളായ വെളിച്ചങ്ങള്‍ ഉപയോഗിച്ചും മറ്റുമാണ് ചെടികള്‍ക്ക് മുകള്‍ഭാഗവും താഴെയുമൊക്കെ അറിയിച്ചുകൊടുക്കുന്നത്. ബഹിരാകാശത്തെ മനുഷ്യവാസത്തിന് മാത്രമല്ല ഭാവിയിലെ ചൊവ്വാ യാത്ര അടക്കമുള്ള ദൗത്യങ്ങള്‍ക്ക് ബഹിരാകാശത്ത് വിജയകരമായി കൃഷി നടത്തി ഭക്ഷണം ഉത്പാദിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ തിരിച്ചറിവാണ് അമേരിക്കയെ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും.ബഹിരാകാശ ദൗത്യങ്ങളില്‍ മനുഷ്യര്‍ക്ക് ആവശ്യമായ ഭക്ഷണം പൂര്‍ണ്ണമായും ഭൂമിയില്‍ നിന്നും കൊണ്ടുപോവുകയെന്നത് ഒരു പരിധി വരെ അസാധ്യമാണ്. പ്രത്യേകിച്ചും മാസങ്ങളും വര്‍ഷങ്ങളും നീണ്ടു നില്‍ക്കുന്ന ചൊവ്വാ യാത്ര പോലുള്ളവയില്‍.ഭൂമിയില്‍ നിന്നും ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാന്‍ ശേഷിയുള്ള റോക്കറ്റുകള്‍ നിര്‍മിക്കാന്‍ നമുക്കാകും. എന്നാല്‍ സഞ്ചാരികള്‍ക്ക് മുഴുവന്‍ കാലത്തേക്കുമുള്ള ഭക്ഷണം ഭൂമിയില്‍ നിന്നും കൊണ്ടുപോവുക എളുപ്പമല്ല. അതിനുള്ള പോം വഴിയാണ് ഇത്തരം ബഹിരാകാശ കൃഷി

LEAVE A REPLY

Please enter your comment!
Please enter your name here